കൊച്ചി: സീറോമലബാർ സഭയുടെ 34-ാമതു മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തിരി തെളിച്ചു സിനഡ് ഉദ്ഘാടനം ചെയ്തു.
സഭയുടെ അജപാലന ക്രമീകരണങ്ങളിൽ സമീപകാലത്തുണ്ടായ വളർച്ചയും പ്രത്യേകമായി 12 രൂപതകളുടെ അതിർത്തികൾ പുനഃക്രമീകരിച്ചതും കേരളത്തിനു പുറത്ത് നാലു പുതിയ പ്രവിശ്യകൾ രൂപീകരിച്ചതും ഗൾഫ് മേഖലയിലെ സീറോമലബാർ വിശ്വാസികൾക്കായി അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചതും മേജർ ആർച്ച്ബിഷപ് അനുസ്മരിച്ചു. സീറോമലബാർ വിശ്വാസികളുടെ അജപാലനപരവും പ്രേഷിതപരവുമായ ആവശ്യങ്ങളോടുള്ള ഭാവാത്മകവും ചരിത്രപരവുമായ പ്രതികരണങ്ങളാണ് ഇവയെന്ന് അദ്ദേഹം വിലയിരുത്തി.
പുതിയ സീറോമലബാർ സഭാ പ്രവിശ്യകളുടെ തലവന്മാരായി സ്ഥാനമേറ്റെടുത്ത മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മേജർ ആർച്ച്ബിഷപ് അഭിനന്ദിച്ചു. സീറോമലബാർ മെത്രാൻ സിനഡിലേക്കു പുതിയ അംഗങ്ങളായി എത്തിയ ബെൽത്തങ്ങാടി ബിഷപ് മാർ ജയിംസ് പട്ടേരിൽ, അദിലാബാദ് ബിഷപ് മാർ ജോസഫ് തച്ചാപറമ്പത്ത് എന്നിവരെ സ്വാഗതം ചെയ്തു.
ധ്യാനചിന്തകളോടെ ആരംഭിച്ച സിനഡ്, പത്തിന് വൈകുന്നേരം സമാപിക്കും. ഇന്ത്യക്കകത്തും, വിദേശത്തുമുള്ള 53 മെത്രാന്മാരാണു സിനഡിൽ പങ്കെടുക്കുന്നത്.
സമുദായ ശക്തീകരണ വർഷം കാലോചിതം:മേജർ ആർച്ച്ബിഷപ്
കൊച്ചി: 2026ൽ സീറോമലബാർ സഭ ആചരിക്കുന്ന സമുദായ ശക്തീകരണ വർഷം കാലോചിതവും പ്രവാചകതുല്യവുമാണെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സിനഡിന്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. ഒരു സഭയെന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കേവലം ഭരണപരമെന്നതിനേക്കാൾ ആഴമായ ആത്മീയമാനമുള്ളവയാണെന്ന് തിരിച്ചറിയണം.
ലെയോ പതിനാലാമൻ മാർപാപ്പയുടെ ദിലക്സി തേ എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പറഞ്ഞ, മിശിഹായോടുള്ള യഥാർഥ സ്നേഹം, ദരിദ്രരോടും ബലഹീനരോടും നിസഹായരോടുമുള്ള പ്രായോഗികമായ സ്നേഹത്തിൽനിന്നു വേർപെടുത്താനാവില്ലെന്ന ആശയം പ്രധാനമാണ്. നമ്മുടെ സഭയുടെ ചൈതന്യവും വിശ്വാസ്യതയും അളക്കപ്പെടുന്നതു പാർശ്വവത്കരിക്കപ്പെട്ടവരോടും നിശബ്ദരാക്കപ്പെട്ടവരോടും പുറമ്പോക്കുകളിൽ കഴിയുന്നവരോടും നാം എങ്ങനെ കരുണ കാണിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ദരിദ്രർ, കർഷകർ, കഷ്ടപ്പെടുന്ന കുടുംബങ്ങൾ, നീതി നിഷേധിക്കപ്പെട്ടവർ എന്നിവരോടുള്ള നമ്മുടെ കരുതൽ അജപാലനപരമായ മുൻഗണനകളിലും തീരുമാനങ്ങളിലും പ്രായോഗികമായി പ്രകടമാകുന്ന വർഷമായി 2026 മാറണം.
സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ പിന്നാക്കാവസ്ഥയിലായ സഭാംഗങ്ങളുടെ ജീവിത യാഥാർഥ്യങ്ങളെ സത്യസന്ധമായും അനുകമ്പയോടെയും നോക്കിക്കാണണം. സമുദായത്തിന്റെ വളർച്ചയ്ക്കായുള്ള കർമപദ്ധതികൾ വിഭാവനംചെയ്തു നടപ്പിലാക്കാനുമുള്ള അവസരമായി ഈ വർഷം പ്രയോജനപ്പെടുത്തണം.
സമുദായ ശക്തീകരണം എന്നത് കേവലം ഒരു കാര്യപരിപാടിയോ മുദ്രാവാക്യമോ അല്ല; മറിച്ച് സുവിശേഷത്തിൽനിന്നുതന്നെ ഉത്ഭവിക്കുന്ന സഭാപരമായ പ്രതിബദ്ധതയാണ്. കൂട്ടായ്മയുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താനും മുറിവേറ്റയിടങ്ങളിൽ അനുരഞ്ജനം സാധ്യമാക്കാനുമാവണം. നമ്മുടെ സഭാസമൂഹത്തിലെ ഒരു അംഗവും ഒഴിവാക്കപ്പെട്ടവരോ കേൾക്കപ്പെടാത്തവരോ ആയി, ഇല്ലെന്ന് ഉറപ്പുവരുത്താൻ സമുദായ ശക്തീകരണവർഷാചരണം നമ്മെ ക്ഷണിക്കുന്നുവെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.